Thursday, January 5, 2012

കേരളത്തിലെ പാമ്പുകള്‍-പതിമ്മൂന്ന്

                                                        മറ്റു ചികിത്സകള്‍

  1. പ്രാചീന മന്ത്രവാദ ചികിത്സ.

                                 പഴയ കാലത്ത് മന്ത്രവാദ ക്രിയകള്‍ക്കു നമ്മുടെ നാട്ടിലെ പാമ്പ് വിഷ ചികിത്സയില്‍ ഒരു പ്രധാന സ്ഥാനം ഉണ്ടായിരുന്നു.കടിച്ച പാമ്പിനെ വരുത്തി വിഷം ഇറക്കലായിരുന്നു ഇതിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗം.കോടിക്കരുത്ത്,കീരിക്കരുത്ത്,ഉറുമ്പിന്‍ കരുത്ത്,പക്ഷിക്കരുത്ത് തുടങ്ങിയ ദ്രാവിഡ മന്ത്ര പ്രയോഗ രീതികളും ബ്രാഹ്മണരുടെ ആര്യ രീതികളും നില നിന്നിരുന്നതായി കഥകളുണ്ട്.ഇത് കൂടാതെയായിരുന്നു നൂറു കണക്കിന് വിഷഹര മന്ത്രങ്ങളും ഗാരുട മന്ത്രങ്ങളും.


2. ആയുര്‍വേദ ചികിത്സ.

                               പ്രയോഗ സമുച്ചയം,വിഷ ചികിത്സാ നൂല്‍,ഭൈഷജ്യ രത്നാകരം തുടങ്ങിയ പ്രാചീന ആയുര്‍വേദ കൃതികളില്‍ വിഷ ചികിത്സാ ക്രമങ്ങളെ കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ ഉണ്ട്.ഗരളഹരം,അണലി വേഗം,തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ഇതിന്റെ ഒരു പ്രധാന ഭാഗം ആയിരുന്നു.പിന്നീട് "അഗദതന്ത്രം"എന്ന പേരില്‍ ഒരു പ്രത്യേക വിഷ ചികിത്സാ വിഭാഗം തന്നെ ആയുര്‍ വേദത്തില്‍ രൂപപ്പെടുകയുണ്ടായി.
അണലി വേഗം  


ഗരളഹരം

3. ഹോമിയോ ചികിത്സ 
                             
                                            സ്വര്‍ണ്ണ ലവണം അടിസ്ഥാന ഘടകമായ Lexin ,തിരിയാക് [Tiriyaq]എന്നിവയായിരുന്നു ആദ്യ കാലത്ത് പാമ്പ് വിഷ ബാധയില്‍ നമ്മുടെ നാട്ടില്‍ ഉപയോഗിച്ച് കൊണ്ടിരുന്ന ഹോമിയോ ഔഷധങ്ങള്‍.ഫാദര്‍ മുല്ലെര്‍സ് ക്ലിനിക് ആയിരുന്നു ഇതിന്റെ വിതരണക്കാര്‍.ഏകദേശം അര നൂറ്റാണ്ട് കാലത്തോളം ഈ മരുന്ന് ഇവിടെ പ്രചാരത്തില്‍ ഉണ്ടായിരുന്നു.
ലക്സിന്‍


4. വിഷക്കല്ല് ചികിത്സ

                             ചില പ്രത്യേക മരുന്നുകള്‍ കൊണ്ട് ഉണ്ടാക്കിയ കല്ല്‌ പോലെ കാഴ്ചയില്‍ തോന്നിക്കുന്ന ഒരു ഉരുളയാണ്‌ വിഷക്കല്ല് എന്ന് അറിയപ്പെടുന്നത്.ഇത് കടി വായില്‍ വെച്ചാല്‍ വിഷം അത് വലിച്ചെടുത്തു കൊളളും അത്രേ.തനിയെ അടര്‍ന്നു താഴെ വീഴുമ്പോള്‍ പാലില്‍ കഴുകി വീണ്ടും വെക്കണം.ചിലപ്പോള്‍ ഒന്നിലേറെ കല്ലുകള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം.അവസാനം വിഷാംശം മുഴുവന്‍ വലിച്ചെടുത്തു കഴിയുമ്പോള്‍ കല്ല്‌ മുറിവില്‍ പിടിക്കാതിരിക്കും.അപ്പോള്‍ കടിയേറ്റ ആള്‍ അപകട ഘട്ടം തരണം ചെയ്യുന്നു.
വിഷക്കല്ല്


5. കോഴി ചികിത്സ

                             കോഴിയുടെ ഗുദഭാഗത്ത് മുറിവ് ഉണ്ടാക്കിയ ശേഷം ആ ഭാഗം പാമ്പ് കടിച്ച സ്ഥലത്ത് ചേര്‍ത്ത് വെക്കുന്നു.അത് വിഷം വലിച്ചെടുക്കുകയും കോഴി ചാകുകയും ചെയ്യുന്നു.ഇങ്ങനെ കോഴി ചാവാതെ ആകുന്നതു വരെ തുടരുന്നു.ഇതിന്റെ ഫലമായി കടിയേറ്റ ആള്‍ രക്ഷപ്പെടുന്നു.

                            ഇത് കൂടാതെ പല സ്ഥലത്തും പല രീതിയിലുള്ള പ്രാദേശിക ചികിത്സകള്‍ നിലവിലുണ്ട്.ഇന്നും വിഷ ഹാരികളായ വിഷ വൈദ്യന്മാര്‍ ഇല്ലാത്ത നാട്ടിന്‍ പുറങ്ങള്‍ ചുരുക്കം ആയിരിക്കുമല്ലോ.അതാതു കാലത്ത് നിരീക്ഷനങ്ങ്ളിലൂടെയും ചിന്തകളിലൂടെയും വളര്‍ന്നു വന്ന ചികിത്സാ പദ്ധതികള്‍ ആണ് ഇവയില്‍ പലതും.അതിന്റെ തുടര്‍ച്ചയായി വികസിച്ചു വന്നത് തന്നെയാണ് ആധുനിക ചികിത്സാ പദ്ധതിയും.വിഷം ശരീരത്തിലെ രക്ത പര്യയന വ്യവസ്ഥയില്‍ എത്തിയാല്‍ പക്ഷെ ഏറ്റവും ഫലപ്രദമായ ചികിത്സ പ്രതിവിഷ ചികിത്സ തന്നെയാണ്.മറ്റു ചികിത്സാ പദ്ധതികള്‍ ഒരു പക്ഷെ വിഷമില്ലാത്തതോ നേരിയ വിഷമുള്ളതോ ആയ പാമ്പുകളുടെ കടിയില്‍ ഫലപ്രദമായെക്കാമെന്നു മാത്രം.അല്ലെങ്കില്‍ തന്നെ പഴയ കാലത്ത് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിച്ചു വന്ന വിഷ ചികിത്സാ രീതികളെ അന്ന് സ്വീകരിച്ചിരുന്നത് പോലെ ഇന്നത്തെ ഏറ്റവും വികാസം പ്രാപിച്ച ചികിത്സാ പദ്ധതിയെ ജീവ രക്ഷക്ക് വേണ്ടി നാം സ്വീകരിച്ചേ മതിയാകൂ.ഗ്രീസിലെ അസ്ക്ലെപിയുസിന്റെ അമ്പലങ്ങളില്‍ പഴയ മഞ്ഞ പാമ്പുകളെ തേടി ചികിത്സക്ക് പോകാന്‍ ഈ കാലത്തും വാശി പിടിക്കുന്നത്‌ ബാലിശം അല്ലാതെ മറ്റെന്താണ്..?
ആന്റി വെനം
 

1 comment:

  1. Execellent piece of work.
    Informative, educational and very much useful.

    ReplyDelete

Please post your opinions