Saturday, December 31, 2011

കേരളത്തിലെ പാമ്പുകള്‍-പതിനൊന്ന്‌

                                                           പാമ്പ് വിഷം

                                പാമ്പിന്റെ ഉമിനീരാണ് വിഷം.ആ അര്‍ഥത്തില്‍ എല്ലാ പാമ്പിനും വിഷമുണ്ട്‌.എങ്കിലും മനുഷ്യനെപ്പോലുള്ള വലിയ ജീവികളെ കൊല്ലാന്‍ മാത്രം വീര്യമുള്ള വിഷം വളരെ കുറച്ചു പാമ്പുകള്‍ക്കെ ഉള്ളു.കണ്ണിനു പിന്നില്‍ കുറച്ചു താഴെയാണ് വിഷ ഗ്രന്ഥിയുടെ സ്ഥാനം.ഇതില്‍ നിന്നുള്ള ചെറിയ വിഷക്കുഴലുകള്‍ വിഷപ്പല്ലുമായി ഇതിനെ ബന്ധിപ്പിക്കുന്നു.
പാമ്പിന്റെ വിഷ സഞ്ചി 

                               നമ്മുടെ നാട്ടില്‍ നാല് ഇനം പാമ്പുകള്‍ക്കാന് മനുഷ്യനെ കൊല്ലാന്‍ മാത്രം മാരക ശക്തിയുള്ള വിഷമുള്ളത്.
 1. വെള്ളിക്കെട്ടന്‍ [Krait]
  2. മൂര്‍ഖന്‍ [Cobra]
  3.അണലി [Russels Viper]
  4. ചുരുട്ട മണ്ഡലി [Saw scaled Viper]
                               ഈ നാലിനം പാമ്പുകളെ പൊതുവേ The Big Four എന്നാണു വിളിക്കുന്നത്‌.ഇവരെ കൂടാതെ വിഷമുള്ള മറ്റൊരാള്‍ രാജ വെമ്പാലയാണ്. പക്ഷെ അത് നിത്യ ഹരിത വനങ്ങളില്‍ മാത്രമാണ് കാണപ്പെടുന്നത്. വന നശീകരണവും മറ്റും കാരണം ഇടയ്ക്കിടെ നാട്ടില്‍ ഇറങ്ങാരുന്ടെങ്കിലും.!

                                                       വെള്ളിക്കെട്ടന്‍
                                 ശങ്ഖു വരയന്‍ ;മോതിര വളയന്‍;വളകൊഴുപ്പന്‍;വള വളപ്പന്‍; വളയിപ്പാന്‍ എന്നൊക്കെ അറിയപ്പെടുന്ന ഈ പാമ്പാണ് വിഷ വീര്യത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്ത്.വിഷം നാഡികളെ ബാധിക്കുന്നു.
വെള്ളിക്കെട്ടന്റെ കടിയേറ്റ ആള്‍ 

                                                    മൂര്‍ഖന്‍

                                    കണ്ണാടി മൂര്‍ഖന്‍; കണ്ണാടി വിരിയന്‍;പുല്ലാനി  മൂര്‍ഖന്‍; കരി മൂര്‍ഖന്‍;എന്നൊക്കെ അറിയപ്പെടുന്നു.കഴുത്തില്‍ വീതിയുള്ള പത്തിയും അതില്‍ കണ്ണട അടയാളവും ഉണ്ട്.ശക്തിയായി ചീറ്റി ശബ്ദം ഉണ്ടാക്കും.ഇതിന്റെ വിഷവും നാഡികളെ തന്നെയാണ് ബാധിക്കുന്നത്.
മൂര്‍ഖന്റെ കടിയേറ്റ കാല്‍ 

                                                       അണലി

                                    ചേനത്തണ്ടന്‍; മണ്ഡലി;പയ്യാന മണ്ഡലി;രക്ത മണ്ഡലി.തേക്ക് അണലി എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്നു.ശരീരത്തില്‍ പരസ്പരം തൊടാത്ത മൂന്നു നിര ചങ്ങല അടയാളങ്ങള്‍ കാണാം.വളരെ ശക്തിയായി ചീറ്റും.വിഷം രക്തത്തെയാണ് ബാധിക്കുന്നത്.
അണലിയുടെ കടി -മാംസം അഴുകുന്നു

                                                  ചുരുട്ട മണ്ഡലി

                                ഈര്‍ച്ച വാള്‍ ശല്ക്ക മണ്ഡലി,ഈര്‍ച്ച വാള്‍ ശല്ക്ക അണലി,രക്ത അണലി എന്നൊക്കെ അറിയപ്പെടുന്നു.തലയില്‍ തലതിരിഞ്ഞ ഒരു വെളുത്ത ത്രിശൂല അടയാളമുണ്ട്.ശരീരത്തില്‍ അണലിയെ പോലെ അടയാളങ്ങളും.ശല്‍ക്കങ്ങള്‍ തമ്മില്‍ ഉരസി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും.
ചുരുട്ട മണ്ടലിയുടെ കടി 

                             മേല്‍പ്പറഞ്ഞ പാമ്പുകള്‍ കടിച്ചാല്‍ കടിയേറ്റ ഭാഗം ഇങ്ങനെ തന്നെ ആയിക്കൊള്ളണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല.അധികവും ഇങ്ങനെയാണ് കാണാറുള്ളത്‌ എന്ന് മാത്രം.
                              അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകള്‍ കടിച്ചാല്‍ പലപ്പോഴും ഊനുകള്‍,രോമകൂപങ്ങള്‍,കണ്ണ്,മൂക്ക്,തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് സൂക്ഷ്മ രക്തക്കുഴലുകള്‍ പൊട്ടി രക്തം വരാറുണ്ട്.മൂത്രത്തിലും ചോര കലര്‍ന്ന് കണ്ടേക്കാം.
ഊനുകളില്‍ നിന്നുള്ള രക്ത പ്രവാഹം 

                                  അപൂര്‍വമായി വിഷപ്പാമ്പുകളുടെ കടി വിഷമേല്പ്പിക്കാതെ വരാറുണ്ട്.ഒന്നിലധികം തവണ ഇര പിടിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ വിഷ സഞ്ചിയിലെ വിഷത്തിന്റെ അളവ് വളരെ കുറഞ്ഞു പോയിക്കഴിയുന്ന ഒരു അവസ്ഥയിലാണ് ഇത് സംഭവിക്കാരുള്ളത്.എങ്കിലും ഓരോ കടിയിലും മാരകമായ മാത്രയുടെ പത്തോ നൂറോ ഇരട്ടി അളവ് വിഷമാണ് പാമ്പ് അത് കടിക്കുന്ന ജീവിയുടെ ശരീരത്തില്‍ ഏല്‍പ്പിക്കുന്നത് എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ വളരെ അപൂര്‍വമായേ സംഭവിക്കുകയുള്ളൂ എന്നതാണ് സത്യം. ഇത്തരം കടി ശുഷ്ക ദംശം[Dry Bite] എന്ന് അറിയപ്പെടുന്നു.

                          മൂര്‍ഖന്റെയും വെള്ളിക്കെട്ടന്റെയും വിഷം ഏറ്റാല്‍ ഏകദേശം ഒരേ പോലുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക.ഇതിന്റെ കാരണം രണ്ടും നാഡികളെ ബാധിക്കുന്ന വിഷമാണ് എന്നുള്ളതാണ്.ഇത്തരം വിഷത്തിനു Neurotoxic Venom എന്ന് പറയും.

                                         കടി ഏറ്റാല്‍ ഉള്ള പൊതു ലക്ഷണങ്ങള്‍

  1. കടിയേറ്റ ഭാഗത്ത് അസഹ്യമായ നീറ്റല്‍.
  2. കടി ഏറ്റ ഭാഗം നീര് വെച്ചു വീങ്ങും.
  3. കരിവാളിപ്പ്
  4. കടിവായില്‍ നിന്ന് നേര്‍ത്ത രക്തം കിനിഞ്ഞു കൊണ്ടിരിക്കും.
  5. ദേഹം വിറങ്ങലിക്കും.
  6. കൈകാലുകള്‍ അനക്കാന്‍ കഴിയാതാകും.
  7. കഴുത്ത് നേരെ നില്‍ക്കില്ല.
  8. നാവ് അനക്കാന്‍ വയ്യാതാവും.
  9. ഭക്ഷണം ഇറക്കാന്‍ കഴിയില്ല.
  10. ചുണ്ട് വിളറും.
  11. വായില്‍ നിന്ന് നുരയും പതയും ഒഴുകും.
  12. കണ്പോളകള്‍ അടഞ്ഞു പോകും.
  13. ശ്വാസ തടസ്സം ഉണ്ടാകും.
  14. ചിലപ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്ത സ്രാവം.

                                           ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഇതേ പടി എല്ലാ കടിയിലും ആവര്‍ത്തിക്കണം എന്നില്ല.ഉള്ളിലെത്തുന്ന വിഷത്തിന്റെയും കടിയേല്‍ക്കുന്ന സ്ധാനത്തിന്റെയും അടിസ്ഥാനത്തില്‍ ഇതിനു തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടാകും.വെള്ളിക്കെട്ടന്റെ കടിയേറ്റാല്‍ പലപ്പോഴും ആറുമണിക്കൂര്‍ കഴിഞ്ഞു പെട്ടെന്നുണ്ടാകുന്ന അസഹ്യമായ ഒരു വയറു വേദന ആയേക്കാം ആദ്യത്തെ വിഷ ബാധാ ലക്ഷണം.

                                      അണലിവര്‍ഗ്ഗ വിഷ ലക്ഷണം

    1. കടിവായില്‍ കരിവാളിപ്പ്.
    2. കടിവായില്‍ നിന്ന് നേര്‍ത്ത രക്തം കിനിഞ്ഞിറങ്ങും.
    3. നീറ്റല്‍.
    4. കടിവായക്ക്‌ ചുറ്റും മാംസം ചീയാന്‍ തുടങ്ങും.
    5. വായില്‍ നിന്നും മൂക്കില്‍ നിന്നും വയറ്റില്‍ നിന്നും ചോര പോയേക്കാം.
   
                                     വിഷത്തിലെ ഘടകങ്ങള്‍

                             പ്രോട്ടീന്‍,പെപട്യ്ടുകള്‍[Peptides],എന്സ്യ്മുകള്‍ എന്നിവയാണ് പൊതുവേ പാമ്പ് വിഷത്തിലെ ഘടകങ്ങള്‍.രക്ത പര്യയന വ്യവസ്ഥയില്‍ എത്തുമ്പോഴാണ് ഇവ മരണ കാരണം ആകുന്നത്‌.അതായത് വായിലോ വയറ്റിലോ മുറിവൊന്നും ഇല്ലെങ്കില്‍ പാമ്പുവിഷം ഉള്ളില്‍ കഴിച്ചാലും കുഴപ്പമൊന്നും ഉണ്ടാവുകയില്ല.
                              Trypsin,Haemolysin തുടങ്ങിയ പ്രോട്ടീനുകളും Proteases,Phospholipase-A,Cholinesterase,Ophio-amino-oxidase,Nucleases,Hyaluronidases തുടങ്ങിയ എന്സ്യ്മുകളും ആണ് പ്രധാനമായും പാമ്പുവിഷത്തില്‍ കാണപ്പെടുന്നത്.ഇവയുടെ കൂടിക്കലര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് വിഷ ബാധക്ക് കാരണമായി തീരുന്നത്.

                                     മാരക അളവ്

                              ഒരു ശരാശരി മനുഷ്യന് മാരകമാകുന്ന വിഷത്തിന്റെ മാത്ര ഏകദേശം താഴെ പറയുന്ന അളവിലാണ്.പക്ഷെ ഇതിനേക്കാള്‍ എത്രയോ അധികം ആയിരിക്കും ഓരോ കടിയിലും പാമ്പ് ഇരയുടെ ഉള്ളിലേക്ക് കടത്തി വിടുന്ന വിഷത്തിന്റെ അളവ്.

 1. അണലി- 15 mgm
  2.ചുരുട്ട മണ്ഡലി- 8 mgm
  3. മൂര്‍ഖന്‍- 12 mgm
  4. വെള്ളിക്കെട്ടന്‍- 6 mgm.

                                         ഈ പറഞ്ഞ ഇനങ്ങള്‍ അല്ലാതെ വിഷമുള്ള മറ്റു പാമ്പുകള്‍ രാജ വെമ്പാല,പവിഴപ്പാമ്പുകള്‍,സുഷിര മണ്ടലികള്‍,കടല്‍ പാമ്പുകള്‍ എന്നിവയാണ്.രാജ വെമ്പാലയുടെ വിഷത്തിനു മൂര്‍ഖ വിഷത്തിന്റെ അത്ര ശക്തി ഇല്ലെങ്കിലും അളവ് വളരെ കൂടുതല്‍ ആണ്.ഒറ്റക്കടിയില്‍ ഒരു വലിയ ആനയെപ്പോലും കൊല്ലാന്‍ മാത്രം- ഏകദേശം 6 cc വിഷം-  അതിന്റെ വിഷ സഞ്ചിയില്‍ ഉണ്ടാവും. നാഡികളെ ബാധിക്കുന്ന ഇനം വിഷം തന്നെയാണ് രാജ വെമ്പാലക്കും ഉള്ളത്.
                                               പവിഴപ്പാമ്പുകളും മൂര്‍ഖ വര്‍ഗ്ഗത്തില്‍ പെട്ടവ തന്നെയാണ്.ഇവയുടെ വിഷ വീര്യത്തെ കുറിച്ചു ഇനിയും ആധികാരിക പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
                                                       സുഷിര മണ്ടലികള്‍ അണലി വര്‍ഗ്ഗത്തില്‍ പെടുന്നു.ഇവയുടെ വിഷം മനുഷ്യന് അത്രയൊന്നും മാരകമല്ല.കടിയേറ്റ ഭാഗത്ത് നീര്,ചൊറിച്ചില്‍,വേദന,പനി എന്നിവ ഉണ്ടായേക്കാം എന്ന് മാത്രം.അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയില്‍ അടുത്ത കാലത്ത് നടന്ന പഠനത്തില്‍ Hypnale hypnale എന്ന ഇനത്തില്‍ പെട്ട സുഷിര മണ്ടലിയുടെ വിഷം മനുഷ്യന് മാരകമാണെന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും ശാസ്ത്ര ലോകം ഇത് അംഗീകരിച്ചിട്ടില്ല.
                                                        കടല്‍ പാമ്പുകളുടെ വിഷം അതി മാരകമാണെങ്കിലും അവ നാട്ടിന്‍ പുറങ്ങളില്‍ സാധാരണമല്ലല്ലോ.
                                                        പൂച്ച്ചക്കണ്ണന്‍ പാമ്പ്,നാഗത്താന്‍ പാമ്പ്,പച്ചില പാമ്പ് തുടങ്ങി ചേരയുടെയും നീര്‍ക്കൊലിയുടെയുമൊക്കെ കുടുംബത്തില്‍ [Colubridae] പെട്ട ചില പാമ്പുകള്‍ക്ക് നേരിയ തോതില്‍ വിഷം ഉണ്ടെങ്കിലും അവയ്ക്ക് മനുഷ്യനെ കൊല്ലാന്‍ മാത്രം വീര്യമില്ല.എങ്കിലും പരിണാമത്തിന്റെ ആദ്യഘട്ടങ്ങളില്‍ വിഷമുണ്ടായിരുന്നതും പിന്നീട് എപ്പോഴോ വിഷവീര്യം നഷ്ട്ടപ്പെട്ടതുമായ ചേര ഉള്‍പ്പെടെയുള്ള Colubrid Snakes വീണ്ടും വിഷ വീര്യമുള്ളവയായിക്കൊണ്ടിരിക്കുകയാനെന്നു ചില സര്‍പ്പ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.



No comments:

Post a Comment

Please post your opinions