Wednesday, December 14, 2011

കേരളത്തിലെ പാമ്പുകള്‍-മൂന്ന്

                                                              ബാഹ്യ ഘടന - ശല്‍ക്കങ്ങള്‍

പാമ്പുകളുടെ ശരീരം ശല്‍ക്കങ്ങള്‍ കൊണ്ട് പൊതിഞ്ഞതാണ്.കെരാറ്റിന്‍ എന്നറിയപ്പെടുന്ന ഒരിനം പ്രോട്ടീന്‍ കൊണ്ടാണ് മിനുസമുള്ള ഈ ശല്‍ക്കങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്.ഘര്‍ഷണം കുറയ്ക്കാനും ശരീരത്തില്‍ മാലിന്യങ്ങള്‍ പിടിക്കാതിരിക്കാനും ഈ ശല്‍ക്കങ്ങള്‍ പാമ്പിനെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്.നമ്മുടെ മുടിയും നഖവുമെല്ലാം ഇതേ പ്രോട്ടീന്‍ കൊണ്ട് തന്നെയാണ് രൂപം കൊണ്ടിട്ടുള്ളത്.
പാമ്പിന്റെ ശല്‍ക്കങ്ങള്‍
                                              പാമ്പിന്റെ ശല്ക്കതിനെ 'സ്കെയില്‍'[scale] എന്നാണു ഇംഗ്ലീഷില്‍ വിളിക്കുന്നത്‌.പുറം ഭാഗത്തുള്ളവ Dorsal Scales എന്നും അടിഭാഗത്തുള്ളവ Ventral Scales അഥവാ Ventral Scutes എന്നും തലയിലുള്ള വലിയ ശല്‍ക്കങ്ങള്‍ Head Shields എന്നും അറിയപ്പെടുന്നു.ഓരോ ഇനം പാമ്പുകള്‍ക്കും ഒരു നിശ്ചിത എണ്ണം ശല്‍ക്കങ്ങള്‍ ആയിരിക്കും ജനിക്കുമ്പോള്‍ മുതല്‍ ഉണ്ടായിരിക്കുക.വളര്‍ച്ചക്കനുസരിച്ച്‌ ഈ ശല്‍ക്കങ്ങളും വലുതാവുമെന്നല്ലാതെ അവയുടെ എണ്ണത്തില്‍ വ്യത്യാസം വരാറില്ല.പാമ്പുകളുടെ ഇനം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ഘടകമാണ് അവയുടെ ശല്ക്കങ്ങളുടെ എണ്ണം.
                                               പ്രധാനമായി രണ്ടു തരം ശല്‍ക്കങ്ങള്‍ പാമ്പുകളില്‍ കാണപ്പെടുന്നു.ചേര, മൂര്‍ഖന്‍ തുടങ്ങിയവില്‍ കാണപ്പെടുന്നത് പോലുള്ള മിനുസമുള്ള ശല്‍ക്കങ്ങളും അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകളില്‍ കാണപ്പെടുന്നതു പോലുള്ള നടുഭാഗം നീളത്തില്‍ അല്‍പ്പമൊന്നു തടിച്ചുയര്‍ന്ന പരുക്കന്‍ ശല്‍ക്കങ്ങളും.ഇവ Keeled Scales എന്നാണ് അറിയപ്പെടുന്നത്.
മിനുസമുള്ള ശല്‍ക്കങ്ങള്‍ [Smooth Scales]


പരുക്കന്‍ ശല്‍ക്കങ്ങള്‍ [Keeled Scales]

                                       ഉദര ശല്‍ക്കങ്ങളും പ്രധാനമായി രണ്ടു വിധത്തിലുണ്ട്.വയറിന്റെ ഒരു വശം തൊട്ടു മറു വശം വരെ വീതിയുള്ളതും അത്ര വീതി ഇല്ലാത്തതും.വീതി കുറഞ്ഞ ഉദര ശല്‍ക്കങ്ങള്‍ സാധാരണയായി വിഷമില്ലാത്ത പാമ്പുകളിലാണ് കാണാറുള്ളത്‌.



                                        ഉദര ശല്‍ക്കങ്ങള്‍ അവസാനിച്ചു വാല്‍ ശല്‍ക്കങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടു മുന്‍പുള്ള ശല്ക്കമാണ് ഗുദശല്ക്കം.[Anal Shield] ഇത് ചിലപ്പോള്‍ ഒറ്റയായിരിക്കും.ചിലപ്പോള്‍ ഇരട്ടയും.അപൂര്‍വമായി മൂന്ന് ഭാഗങ്ങളുള്ളവയും കാണാറുണ്ട്‌.

പാമ്പിന്റെ ഉദര ശല്‍ക്കങ്ങള്‍ 


                                           ഗുദ ശല്ക്കതിന്റെ താഴെക്കുള്ളവ വാല്‍ ശല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നു.ഇത് ഒറ്റ വരിയായോ ഇരട്ട വരിയായോ കാണപ്പെടാറുണ്ട്.
                                            തലയിലെ വലിപ്പം കൂടിയ ശല്ക്കങ്ങളെ ശീല്‍ടുകള്‍ എന്ന് വിളിക്കുന്നു.ഇതിന്റെ എണ്ണവും പൊതുവേ ഓരോ പാമ്പിലും വ്യത്യസ്ഥമായിരിക്കും. ഓരോ ശീല്ടിനും ഓരോ പ്രത്യേക പേരുകളും നല്‍കപ്പെട്ടിട്ടുണ്ട്.കീഴ്താടിയുടെ അടിഭാഗത്തെ ശീല്ടുകള്‍ക്കുമുണ്ട് ഇത് പോലെ പ്രത്യേക പേരുകള്‍.
പാമ്പിന്റെ തലയിലെ ശല്‍ക്കങ്ങള്‍ 



          കൂടുതല്‍ വിശദമായ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.
തലയുടെ മുകള്‍ ഭാഗം 
        തലയുടെ അടിഭാഗത്തെ ശല്‍ക്കങ്ങള്‍
                                                           


                                                                                 കണ്ണ്
                   പാമ്പിന്റെ കണ്ണുകള്‍ക്ക്‌ പുറമേ സുതാര്യമായ ഒരു ആവരണമുണ്ട് ഇത് ബ്രില്‍ എന്നാണ് അറിയപ്പെടുന്നത്.കണ്ണില്‍ കരടും പൊടിയുമൊക്കെ വീഴാതിരിക്കാനുള്ള അനുകൂലനമാണിത്.മാളങ്ങളില്‍ ഇഴഞ്ഞു കയറുമ്പോഴും മറ്റും ഇതിനുള്ള സാധ്യത വളരെ കൂടുതലാണല്ലോ.
                                                  കണ്ണിലെ കൃഷ്ണ മണിക്ക് പക്ഷെ പല ഇനം പാമ്പുകളിലും പല ആകൃതിയാണ്.പകല്‍ ഇര തേടുന്നവക്കു വൃത്താകൃതിയും രാത്രി ഇര തേടുന്നവക്കു ലംബാകൃതിയും.

കണ്ണിനു പുറമേ ബ്രില്‍ എന്നാ ആവരണം ഉള്ളത് കൊണ്ടാവാം,പാമ്പുകള്‍ക്ക് കണ്‍ പോളകള്‍ ഇല്ല.
                                                                           ചെവി


                                       പാമ്പുകള്‍ക്ക് ബാഹ്യ കര്‍ണ്ണങ്ങള്‍ ഇല്ല.അത് കൊണ്ട് അവയ്ക്ക് വായുവിലൂടെ വരുന്ന ശബ്ദ തരംഗങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ല.പ്രതലത്തിലൂടെ വരുന്ന ശബ്ദ സ്പന്ദനങ്ങള്‍ അവ ആന്തര കര്‍ണ്ണത്തിന്റെ ഭാഗത്തുള്ള കൊലുമെല്ല ഓരിസ്‌ എന്ന കാര്ട്ടിലെജ് ഉപയോഗിച്ച് പിടിച്ചെടുക്കുകയാണ് ചെയ്യുക.കീഴ്ത്താടി എല്ലുകളും ഈ കാര്യത്തില്‍ പാമ്പുകളെ സഹായിക്കുന്നുണ്ട്.
കൊലുമെല്ല ഓരിസ്‌ 


                                                                          മൂക്ക്

മേല്താടിയുടെ മുന്‍ അറ്റത്ത്‌ ഇരു വശങ്ങളിലുമായി ഓരോ സുഷിരങ്ങള്‍ പോലെ കാണപ്പെടുന്നതാണ് പാമ്പിന്റെ മൂക്ക്.പക്ഷെ മൂക്ക് കൊണ്ടല്ല,നാക്ക് കൊണ്ടാണ് പാമ്പ് പ്രധാനമായും മണം പിടിക്കുക.
                                           താപ സംവേദന സുഷിരങ്ങള്‍


                   അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകള്‍ക്ക് ആണ് താപ സംവേദന സുഷിരങ്ങള്‍ പ്രധാനമായി കാണപ്പെടുന്നത്‌.പെരുംപാമ്പുകള്‍ക്കുമുണ്ട് ഇരയുടെ ചൂട് അറിയാനുള്ള  ഈ സംവിധാനം.കണ്ണിനും മൂക്കിനും ഇടയില്‍ കാണപ്പെടുന്ന ഈ സുഷിരങ്ങള്‍ ഉപയോഗിച്ച് പാമ്പ് കൂരിരുട്ടില്‍ പോലും ഇരയുടെ ഒരു താപ ഫോട്ടോ തലച്ചോറില്‍ തയ്യാറാക്കും.കൃത്യമായി അതിനെ പിടി കൂടുകയും ചെയ്യും.0.003 degree Celsius ചൂട് പോലും അവയ്ക്ക് ഈ സുഷിരങ്ങള്‍ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ കഴിയും.

                                                അവശിഷ്ട പാദങ്ങള്‍


                     ഇത്രയുമല്ലാതെ പാമ്പുകളുടെ ശരീരത്തിന് പുറമേ കാണപ്പെടുന്ന അവയവം അവശിഷ്ട പാദം മാത്രമാണ്.പെരുമ്പാമ്പ്‌ പോലുള്ള പാമ്പുകളുടെ ഗുദ ശല്ക്കത്തിനു ഇരു വശത്തും ആയാണ് അവശിഷ്ട പാദങ്ങള്‍ കാണപ്പെടുന്നത്‌. കാലുള്ള ജീവികള്‍ പരിണമിച്ചാണ് പാമ്പുകള്‍ ഉണ്ടായതെന്നുള്ളതിന്റെ തെളിവായി ശാസ്ത്രജ്ഞന്മാര്‍ ഇത് കണക്കു കൂട്ടുന്നു.പിന്‍ കാലുകളുടെ അവശിഷ്ടമാണ് Anal Spur എന്ന് കൂടി അറിയപ്പെടുന്ന ഈ ഭാഗം.
അവശിഷ്ട പാദങ്ങള്‍ 






3 comments:

Please post your opinions