Friday, December 16, 2011

കേരളത്തിലെ പാമ്പുകള്‍-അഞ്ച്




                                            പാമ്പുകളുടെ ചലന രീതി


                                ബയോ മെക്കാനിക്സില്‍ വിദഗ്ധനായ പ്രൊഫെസര്‍ കാള്‍ ഗാന്‍സ് പറയുന്നത് പാമ്പുകള്‍ക്ക് നാല് തരം ചലന രീതികള്‍ ഉണ്ടെന്നാണ്.
1. സര്‍പ്പിള ചലനം[Serpentine or Undulating Motion]
                                 പാമ്പുകളില്‍ സാധാരണ കണ്ടു വരുന്ന ചലന രീതിയാണിത്. 'S' ആകൃതിയില്‍ പാമ്പ് ശരീരം വശങ്ങളിലേക്ക് വളക്കുകയും പ്രതലത്തില്‍ പിന്നിലേക്ക്‌ ബലം പ്രയോഗിച്ചു കൊണ്ട് മുന്നിലേക്ക്‌ നീങ്ങുകയും ചെയ്യും.
ഉദാ; ചേര
 2. കണ്സെര്ട്ടിന ചലന രീതി [Concertina Motion]
                                  മരം കയറി പാമ്പുകളിലാണ് ഇത്തരം ചലന രീതി കാണുന്നത്.ഇതില്‍ പാമ്പ് ശരീരത്തിന്റെ മുന്‍ ഭാഗം മുന്‍പില്‍ ഒരു സ്ഥലത്ത് ഉറപ്പിക്കുകയും ബാക്കി ഭാഗം അങ്ങോട്ട്‌ വളച്ചു വലിച്ചു വെക്കുകയും ചെയ്യും
ഉദാ; വില്ലൂന്നി
3. നേര്‍ രേഖാ ചലനം.[Rectilinear Motion]
                                   തടിച്ച ശരീരമുള്ള പാമ്പുകളിലാണ് ഇത്തരം ചലന രീതി പൊതുവേ കാണപ്പെടുന്നത്.ശരീരം വശങ്ങളിലേക്ക് വളക്കാതെ ഏകദേശം ഒരു നേര്‍ രേഖയില്‍ ചില പുഴുക്കളും മറ്റും മുന്നോട്ടു അരിച്ചു നടക്കുന്നത് പോലെയുള്ള ചലന രീതിയാണിത്.ഇതില്‍ വാരിയെല്ലുകള്‍ കാലു പോലെ  ഉപയോഗിച്ചു പാമ്പ് മുന്നോട്ടു നടന്നു നീങ്ങുന്നത്‌ പോലെ തോന്നും.
ഉദാ;പെരുമ്പാമ്പ്‌.
4. വശങ്ങളിലെക്കുള്ള ചലനം.[Side Winding]
                                      മരുഭൂമിയിലെ പാമ്പുകളില്‍ കാണപ്പെടുന്ന ചലന രീതിയാണിത്.ഇതില്‍ പാമ്പുകളുടെ ചലനം പൂര്‍ണ്ണമായും വശങ്ങളിലേക്ക് ആണ്.
ഉദാ; മരുഭൂമിയിലെ പാമ്പുകള്‍
പാമ്പുകളുടെ ചലന രീതി  
 
ചലന രീതി-അനിമേഷന്‍ 


                                                               ഭക്ഷണം
                        പാമ്പുകളില്‍ സസ്യാഹാരികള്‍ ഇല്ല.എല്ലാ പാമ്പുകളും ജീവനുള്ള മാംസാഹാരമാണ് കഴിക്കുന്നത്‌.എന്നാലും ഗതികെട്ടാല്‍ അവ ചത്തതോ ചീഞ്ഞത് പോലുമോ തിന്നേക്കാം.കടിച്ചു ചവച്ചു തിന്നാനോ വലിച്ചു കുടിക്കാനോ പറ്റുന്ന രീതിയിലല്ല അവയുടെ വായയുടെ ഘടന.അത് കൊണ്ട് തന്നെ അവ മുട്ട കൊത്തിക്കുടിക്കുമെന്നുള്ളത് തെറ്റായ ധാരണയാണ്.സത്യത്തില്‍ അവ മുട്ട വിഴുങ്ങുകയാണ് ചെയ്യുക.ഇങ്ങനെ വിഴുങ്ങുന്ന മുട്ടയുടെ തോട് അവ പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്യും.
                               ഇരയുടെ തല മുതലാണ്‌ പാമ്പ് വിഴുങ്ങുക.നഖം തുടങ്ങിയ കൂര്‍ത്ത ഭാഗങ്ങള്‍ തട്ടി അന്ന നാളം മുറിയാതിരിക്കാനും ഇര തിരിഞ്ഞു കടിക്കാതിരിക്കാനുമൊക്കെ വേണ്ടിയാണ് അവ ഇങ്ങനെ ചെയ്യുന്നത്. ഒരിക്കല്‍ വയറു നിറഞ്ഞാല്‍ പിന്നെ കഴിച്ച ഭക്ഷണം ദഹിച്ചുകഴിഞ്ഞു മാത്രമേ അവ ഭക്ഷണം കഴിക്കൂ.ഇതിനു ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
                                   വിഷപ്പാമ്പുകള്‍ ഇരയെ വിഷം കുത്തിവെച്ചു കൊന്നു വിഴുങ്ങുന്നു.വിഷമില്ലാത്ത പാമ്പുകള്‍ പലപ്പോഴും ഇരയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊന്നു തിന്നുന്നു.എങ്കിലും ചിലപ്പോള്‍ പാമ്പുകള്‍ ഇരയെ ജീവനോടെയും അകത്ത്താക്കാറുണ്ട്.സാധാരണ ഇരകള്‍ പല്ലി,ഓന്ത്,തവള,പക്ഷി തുടങ്ങിയവ ആണെങ്കിലും രാജ വെമ്പാല,വെള്ളിക്കെട്ടന്‍,പവിഴപ്പാമ്പ് തുടങ്ങിയവ പാമ്പുകളെതന്നെ ആഹാരമാക്കാറുണ്ട്.


2 comments:

  1. വിജ്ഞാനപ്രദം. നന്ദി. തുടരട്ടെ ഈ മൊഴികള്‍.

    ReplyDelete
    Replies
    1. വളരെ നന്ദി അഭിപ്രായത്തിന്

      Delete

Please post your opinions