Thursday, December 22, 2011

കേരളത്തിലെ പാമ്പുകള്‍-എട്ട്

                                                    പടം പൊഴിക്കല്‍

                           പാമ്പുകളുടെ വളര്‍ച്ചക്ക് അനുസരിച്ച് അവയുടെ പുറം കുപ്പായം വളരില്ല.അതുകൊണ്ട് ഇടയ്ക്കിടെ ഈ പുറം കുപ്പായം അതിനു ഊരി മാറ്റേണ്ടി വരുന്നു.ഇതിനെ പടം പൊഴിക്കല്‍,ഉറ ഊരല്‍[Ecdysis,Moulting,Squammation]എന്നൊക്കെ പറയാറുണ്ട്‌.വളര്‍ച്ച പെട്ടെന്നുണ്ടായാല്‍ പടം പൊഴിക്കലും പെട്ടെന്ന് ഉണ്ടാകും.വളര്‍ച്ച മെല്ലെ ആയാല്‍ പടം പൊഴിക്കലും വൈകും.ഭക്ഷണത്തിന്റെ ലഭ്യതയാണ് പടം പൊഴിക്കലിന്റെ നിരക്കിനെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകം എന്ന് സാരം.ജനിച്ചു വീഴുന്ന പാമ്പിന്‍ കുഞ്ഞുങ്ങള്‍ പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ പടം പൊഴിചേക്കാം എങ്കിലും വലുതായിക്കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കലെ ഇത് സംഭവിക്കുകയുള്ളൂ.
                             തല മുതലാണ്‌ പടം പൊഴിഞ്ഞു തുടങ്ങുക.പൂര്‍ണ്ണമായി ഊരിക്കഴിയുമ്പോള്‍ പടം അകം പുറം മറിഞ്ഞ അവസ്ഥയില്‍ ആയിരിക്കും ഉണ്ടാകുക.ഒപ്പം അത് തല തിരിയുകയും ചെയ്യും.അതായത് ഉറ ഊരിയ പാമ്പ് ഏതു ദിശയിലെക്കാണോ പോയത് അതിന്റെ എതിര്‍ ദിശയിലെക്കായിരിക്കും ഊരിയിട്ടിരിക്കുന്ന ഉറയുടെ തല.
                            പടം പൊഴിയാറായ പാമ്പ് ഉഷാറൊക്കെ നഷ്ടപ്പെട്ടു ഏതെങ്കിലും മാളത്തില്‍ വിശ്രമത്തില്‍ ഏര്‍പ്പെടും.ഭക്ഷണം പോലും കഴിക്കാതെ.ആ സമയത്ത് അതിന്റെ കണ്ണ് പാല്‍ നിറമാകുകയും ചെയ്യും.
പടം പൊഴിയാറായ പാമ്പിന്റെ കണ്ണ്.


                               

                                                                  പാമ്പും പാട്ടും.
                          പശുക്കളും ശിശുക്കളും പാമ്പും പാട്ട് ആസ്വദിക്കുന്നു എന്നൊരു വിശ്വാസം പഴയ കാലം മുതല്‍ നില നിന്ന് പോരുന്നുണ്ട്. പാമ്പാട്ടികളുടെ മകുടിയുടെ ശബ്ദത്തിനനുസരിച്ചു പാമ്പ് തലയാട്ടുന്നത്‌ കാണുമ്പോള്‍ ഈ വിശ്വാസം കുറേക്കൂടി ബലപ്പെടുകയും ചെയ്യുന്നു.പക്ഷെ,പശുവും ശിശുവും പാട്ട് ആസ്വദിക്കുന്നതിനു ശാസ്ത്രീയ തെളിവുകളുണ്ടെങ്കിലും പാമ്പ് അങ്ങനെ ചെയ്യുന്നതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല.200 മുതല്‍ 500 വരെ ഹെര്‍ട്സ് ആവൃത്തിയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍ പാമ്പുകള്‍ക്ക് 'തിരിച്ചറിയാന്‍ ' കഴിയുമെങ്കിലും സംഗീതം ആസ്വദിക്കാന്‍ കഴിയുന്നതിനു തെളിവൊന്നും ഇത് വരെ ഇല്ല.ചെറിയ ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ തലയോടിന്റെ വശങ്ങള്‍,താടിയെല്ലിന്റെ പേശികള്‍, കൊലുമെല്ല ഓരിസ്‌തുടങ്ങിയ ഭാഗങ്ങള്‍ ഉപയോഗിച്ച് പിടിച്ചെടുത്തു മനസ്സിലാക്കുകയാണ് ചെയ്യുക.കേള്‍ക്കുകയല്ല.പാമ്പാട്ടിയുടെ മകുടിയുടെ ചലനങ്ങള്‍ കണ്ടിട്ടാണ് പാമ്പ് തലയാട്ടുന്നത്‌.പാട്ട് കേട്ടിട്ടല്ല.


No comments:

Post a Comment

Please post your opinions