Sunday, January 15, 2012

മരിയ ബെനടിക്ടിന്റെ മരണം

                        [ 2012 ജനുവരി ഏഴാം തീയതി OPEN എന്ന് പേരുള്ള ഒരു ഓണ്‍ ലയ്ന്‍ മാസികയില്‍ വന്ന വാര്‍ത്തയുടെ ഒരു  ഭാഗത്തിന്റെ ഏകദേശ വിവര്‍ത്തനം ] After The Serpents Sting.

                                                             ...............2011 സെപ്റ്റംബര്‍ 19. സമയം വൈകുന്നേരം.മറന്നു പോയ മത പാഠപുസ്തകം എടുക്കാന്‍ വീട്ടിലേക്കു മടങ്ങിയ മരിയ ബനടിക്റ്റ് വലിയ ഒരു അബദ്ധം ചെയ്യുകയായിരുന്നു.അവളറിയാതെ............
                                          
                                                                 സ്കൂള്‍ വിട്ടാല്‍ ട്യൂഷന് താമസിച്ചു ചെല്ലാന്‍ മരിയക്ക് മടിയായിരുന്നു.കൊടാതി ഗ്രാമത്തിലെ കോണ്‍വെന്റില്‍  സിസ്റ്റര്‍ മേരി തോമസ്‌ അവളെ ചീത്ത പറയുമെന്ന് ഓര്‍ത്തിട്ടല്ല.സിസ്റ്റര്‍ക്ക് സങ്കടമാകുമെന്നു ഓര്‍ത്തിട്ട്.....

                                                                   അതുകൊണ്ട് ഗ്രാമത്തിലേക്കുള്ള പ്രധാന വഴിയില്‍ നിന്ന് മാറി അവള്‍ ഒരു മുത്താറിപ്പാടത്ത്തിനു നടുവിലൂടെയുള്ള എളുപ്പവഴി തെരഞ്ഞെടുത്തു.പാടത്തിലൂടെ നടന്നാല്‍ അവളുടെ അച്ഛനായ സാഗൈരാജും അമ്മ ആനിയും മൂന്നു സഹോദരങ്ങളും കഴിയുന്ന ചെറിയ രണ്ടുമുറി കെട്ടിടത്തിനു പിന്നിലെത്താം.........

                                                                    അടുക്കും ചിട്ടയുമില്ലാത്ത പാഠ പുസ്തകങ്ങള്‍ ഒരു കയ്യില്‍ മുറുക്കിപ്പിടിച്ചു കൊണ്ട് അവള്‍ കാല്‍മുട്ടോളം പൊക്കമുള്ള മുത്താറി ചെടികള്‍ക്ക് നടുവിലൂടെ വീട്ടിലേക്കു ഓടി....

                                                                    സമയം ഏകദേശം അഞ്ചര.അന്തരീക്ഷം ആകെ മൂടിക്കെട്ടിയിരിക്കുന്നു.പത്ത് വയസ്സും പതിനൊന്നു മാസവും മാത്രം പ്രായമുള്ള മരിയ മുട്ടോളമെത്തുന്ന ഒരു പാവാടയും ബ്ലൌസുമായിരുന്നു ഇട്ടിരുന്നത്.സാധാരണ പോലെ മുടി കുതിരവാല്‍ പോലെ പിന്നില്‍ കെട്ടിയിരുന്നു.പക്ഷെ അവളുടെ വസ്ത്രങ്ങളുടെ നിറം,അവള്‍ മരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞത് കൊണ്ടാവാം അവളുടെ അച്ഛനമ്മമാര്‍ക്ക് ഒര്ത്തെടുക്കാനായില്ല.

                                                                    മുത്താറിപ്പാടത്തിലൂടെ യാത്ര തുടങ്ങി മിനുട്ടുകള്‍ക്കകം [ ഇപ്പോള്‍ ആ പാടത്ത്‌ ചോളമാണ് വളരുന്നത്‌.കൃഷിക്കാരന്‍ ഒഴികെ ആരും അവിടെ പോകാറുമില്ല] അവള്‍ പാടത്തിന്റെ അരികിലുള്ള അയല്‍വാസിയുടെ ഒറ്റമുറി കെട്ടിടത്തിലെത്തി.അത്ര വലിയ ബന്ധമൊന്നും ഇല്ലാഞ്ഞിട്ടും ആ വീട്ടിലെ വീട്ടമ്മയായ രേണുകയെ കെട്ടിപ്പിടിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
           "ചേച്ചീ....എന്നെ പാമ്പ് കടിച്ചു.ഞാന്‍ ജീവിക്കുമോ അതോ ചത്തു പോകുമോ....?"
                                                                    മുത്താറിപ്പാടത്ത്തിനു നടുവിലുള്ള ഒരു ചെറിയ വെളിമ്പ്രദേശം ഓടിക്കടക്കുന്നതിനിടയില്‍ അവളുടെ കുഞ്ഞു കയ്യില്‍ നിന്ന് പാഠ പുസ്തകങ്ങള്‍ താഴെ വീണു.പുസ്തകം പെറുക്കി എടുക്കുന്നതിനിടയില്‍ ഇടിമിന്നല്‍ പോലെ അത് അവളെ കടിക്കുകയായിരുന്നു.
                                                                   അത് ഒരു ശുഷ്ക ദംശമോ വിഷം കുറച്ചു മാത്രമേല്‍ക്കുന്ന ഒരു കടിയോ ആയിരുന്നില്ല.ഇടതു കണങ്കാലിന് പുറത്ത് കണ്ണയുടെ തൊട്ടു താഴെ പാമ്പിന്റെ വിഷപ്പല്ലുകള്‍ ആഴ്ന്നിറങ്ങിയിരുന്നു.

                                                                   കടിയേറ്റു നാല്‍പ്പത്തെട്ടു മണിക്കൂറിനകം ബാന്‍ഗലൂരില്‍ മരിയ ബനടിക്റ്റ് ജീവന്‍ വെടിഞ്ഞു.അവളുടെ മരണം ഒഴിച്ചു കൂടാന്‍ ആവാത്തതൊന്നും ആയിരുന്നില്ല.ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു പോയത് കൊണ്ടാണ് മരിയ മരിച്ചത്.അവളുടെ കുഞ്ഞു വൃക്കകള്‍ പ്രവര്‍ത്തന രഹിതമായി പോയിരുന്നു.ധനികരായ രോഗികള്‍ക്ക് വിലയേറിയ എല്ലാ ചികല്‍സാ സംവിധാനങ്ങളും ഉള്ള ഒരാശുപത്രിയില്‍ പെട്ടെന്ന് തന്നെ എത്തിച്ചേരാനുള്ള [നിര്‍]ഭാഗ്യം അവള്‍ക്കു കിട്ടിയെങ്കിലും അവിടെ കുട്ടികള്‍ക്ക് ഡയാലിസിസ് നടത്താനുള്ള യന്ത്ര സംവിധാനങ്ങള്‍ ഇല്ലായിരുന്നു.ഫലപ്രദമായ ഒരു ജീവന്‍ രക്ഷാ ഔഷധം എന്ന നിലയില്‍ അവള്‍ക്കു നല്‍കിയ പ്രതിവിഷം ഒട്ടു പ്രവര്ത്തിച്ച്ചുമില്ല.

                                                                    പ്രതിവര്‍ഷം 49,500 മുതിര്‍ന്നവര്‍ പാമ്പുകടി ഏറ്റു മരിക്കുന്ന ഒരു രാജ്യത്ത് മരിയയുടെ കുഞ്ഞു ശരീരത്തിനു രക്ഷപ്പെടാന്‍ എന്ത് സാധ്യതയാണ് ഉള്ളത്.....?

#                                                  #                                                     #                                              #

                                                                    കുല മഹിമയുടെ ഇരട്ടപ്പേര് ഇല്ലാത്ത ,ഒരു വാട്ടര്‍ ടാങ്കര്‍ ഡ്രൈവര്‍ ആയ സാഗൈ രാജിന് ഒരു വാടകക്കാറില്‍ താനും അയല്‍ക്കാരും കൂടി എങ്ങനെയാണ് മരിയയെ അയല്‍ഗ്രാമമായ ദോംസാന്ദ്രയിലെ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത് എന്ന കാര്യം നന്നായി ഓര്‍മ്മയുണ്ടായിരുന്നു.മരിയ പറഞ്ഞ കാര്യങ്ങള്‍ അവിടുത്തെ ഡ്യൂട്ടി ഡോക്റ്റര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.ഒരു ടെറ്റനസ് കുത്തിവെപ്പ് മാത്രം കൊടുത്ത് അവരെ മടക്കി അയക്കുന്നതിനു മുന്‍പ് പാമ്പുകടിയാണെന്ന് തറപ്പിച്ചു പറഞ്ഞപ്പോള്‍ അയാളോട് ആ ഡോക്റ്റര്‍ ചോദിച്ച ചോദ്യം സാഗൈ രാജ് ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു.....

          "ആരാണ് ഡോക്റ്റര്‍....?നീയോ അതോ ഞാനോ....?"

                                                                   പാമ്പ് കടിച്ചതാണെന്ന് മരിയ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നെങ്കിലും ഡോക്റ്റര്‍ തീരുമാനിച്ചത് അവളുടെ കണങ്കാലിലെ മുറിവ് ഒരു ചുള്ളിക്കമ്പോ തുരുമ്പെടുത്ത ആണിയോ തട്ടി ഉണ്ടായതാണെന്നാണ്.

                                                                   പാമ്പ് കടിയേറ്റാല്‍ ചികിത്സ ലഭിക്കേണ്ട - ഡോക്റ്റര്‍മാര്‍ ഗോള്‍ഡന്‍ അവര്‍ എന്ന് വിളിക്കുന്ന - ആദ്യ ഒരു മണിക്കൂര്‍ അങ്ങനെ പാഴായിപ്പോയി.അതും നമ്മുടെ രാജ്യത്തെ മാരക വിഷപ്പാമ്പുകള്‍ ആയ നാല് ഇനങ്ങള്‍ - മൂര്‍ഖന്‍,വെള്ളിക്കെട്ടന്‍,അണലി,ചുരുട്ട മണ്ഡലി എന്നിവ - യഥേഷ്ടം ഉണ്ട് എന്ന് അറിയപ്പെടുന്ന പാമ്പ് ഗവേഷകനും തദ്ദേശ വാസിയുമായ ജെറി മാര്‍ട്ടിന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന ഒരു സ്ഥലത്ത്.! മരിയയെ കടിച്ചത് അണലി ആയിരുന്നു.

                                                                  സര്‍ക്കാര്‍ ആശുപത്രി കാത്തിരിപ്പിന്റെ ദുരന്തമാണ് സമ്മാനിച്ചതെങ്കിലും പാവം മരിയ മറ്റെവിടെ പോകാന്‍!!ഗ്രാമത്തിനു പുറത്തെ കോണ്‍വെന്റിലെ സിസ്ടര്‍ മേരി തോമസിന്റെ അടുത്തെക്കല്ലാതെ അവള്‍ക്കു പോകാന്‍ മറ്റൊരിടം ഇല്ലായിരുന്നു.സിസ്റ്റര്‍ മേരി തോമസ്‌ പ്രാര്‍ഥനയില്‍ കൂടിയും വിശ്വാസത്തിലൂടെയും വിഷക്കല്ല് ചികിത്സയിലൂടെയും പാമ്പുകടി ഏറ്റവരെ രക്ഷപ്പെടുത്തുമെന്ന് അവകാശപ്പെടാരുണ്ടായിരുന്നു.പക്ഷെ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിസ്റ്റര്‍ മേരി തോമസ്‌ മരിയയെ നാല്പതു കിലോമീറ്റര്‍ അകലെ ബാന്‍ഗലൂരില്‍ ഉള്ള പേര് കേട്ട ആശുപത്രികളില്‍ ഒന്നായ സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ എത്രയും പെട്ടെന്ന് എത്തിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്.

                                                                സെന്‍റ് ജോണ്‍സില്‍ പക്ഷെ അത്യാഹിത വിഭാഗത്തിലെ ഡോക്റ്റര്‍മാര്‍ ആ പെണ്‍കുട്ടിയെ അഡ്മിറ്റ്‌ ചെയ്യാന്‍ തയ്യാറായില്ല.അന്ന് അവിടെ കിടക്കകള്‍ ഒന്നും ഒഴിവില്ലാതിരുന്നത് കൊണ്ട്! പിന്നീട് ആശുപത്രിയില്‍ എത്തിയ OPEN മാധ്യമ പ്രതിനിധിയെ ആശുപത്രി വക്താവ് അന്നത്തെ മെഡിക്കല്‍ രേഖകളൊന്നും കാട്ടിക്കൊടുത്തില്ല.അത് കൊണ്ഫിടെന്ശ്യല്‍ രേഖകള്‍ ആണെന്നും അത് കാണിക്കുന്നത് മെഡിക്കല്‍ എത്തിക്ക്സിനു വിരുധ്ധമാനെന്നും പറഞ്ഞ്!!ഒരു രോഗിക്ക് ചികിത്സ നിഷേധിക്കുന്നതില്‍ മെഡിക്കല്‍ എത്തിക്സിനു വിരുദ്ധമായി ആര്‍ക്കും ഒന്നും ഒട്ടു കാണാന്‍ കഴിഞ്ഞുമില്ല.

                                                              "വെറും ഒരു സ്ട്രെച്ചറില്‍ കിടത്തി വേണമെങ്കിലും പ്രതിവിഷം നല്‍കാം.അതിനു മുറിയൊന്നും ആവശ്യമില്ല.ഡോക്റ്റര്‍മാര്‍ അക്കാര്യം അറിയേണ്ടതായിരുന്നു........"

                                                               പ്രതിവിഷ ചികിത്സ പലവട്ടം കണ്ടിട്ടുള്ള ആളും പ്രതിവിഷ ചികിത്സക്ക് വിധേയനായിട്ടുള്ള ആളുമായ ജെറി മാര്‍ട്ടിന്‍ പറയുന്നു.മാത്രമല്ല മരിയക്ക് ആ സമയത്ത് ഏറ്റവും ആവശ്യമായിരുന്ന ഒരു ഫ്രീ ഡയാലിസിസ് സംവിധാനം സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല.പാമ്പുവിഷം അതിനോടകം അവളുടെ കുഞ്ഞു വൃക്കകളെ തകരാറില്‍ ആക്കിയിരുന്നതുകൊണ്ട് അവളുടെ രക്തത്തിലെ മാലിന്യങ്ങളെ അതിനു നീക്കിക്കളയാന്‍ ആവുമായിരുന്നില്ല.അതുകൊണ്ട് മരിയക്ക് ഒരേ സമയം രണ്ടു വിഷങ്ങളോട് മല്ലടിക്കേണ്ടി വന്നു.അണലി വിഷത്തോടും അവളുടെ രക്തത്തിലെ മാലിന്യ വിഷത്തോടും.അത്രയും ഗുരുതര അവസ്ധയിലായിരുന്നെങ്കിലും അവളെ വേണമെങ്കില്‍ രക്ഷിച്ചു എടുക്കാമായിരുന്നു എന്ന് ജെറി മാര്‍ട്ടിന്‍.

                                                            സെന്‍റ് ജോണ്‍സില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അവര്‍ രണ്ടു കിലോമീറ്റര്‍ അകലെ മാഡിവാലായിലെ വെങ്കടേശ്വര ആശുപത്രിയിലെത്തി.അപ്പോഴേക്കും രാത്രിയായി തുടങ്ങിയിരുന്നു.മരിയക്ക് കടി ഏറ്റിട്ടു മൂന്നു മണിക്കൂറില്‍ അധികമായിരുന്നു.

                                                            അവിടെ ആശുപത്രി ഉടമയും മാനേജിംഗ് ടയരക്ട്ടരുമായ ഡോക്റ്റര്‍ എന്‍.വിജയകുമാര്‍ ആദ്യം ചെയ്തത് സെന്‍റ് ജോണ്‍സ് ആശുപത്രിക്കാര്‍ നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നു.കടിവായിലൂടെ രക്ത പ്രവാഹവും അസഹ്യമായ വേദനയും ഉണ്ടായിരുന്നെങ്കിലും അപ്പോഴും ബോധമുണ്ടായിരുന്ന മരിയ ബനടിക്ട്ടിനെ അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു.പ്രതിവിഷം കുത്തിവെച്ചു.വളരെ ഗുരുതര അവസ്ഥയില്‍ ആയതു കൊണ്ട് അടുത്ത 48 മണിക്കൂറില്‍ 22 vayal പ്രതിവിഷം [നോര്‍മല്‍ ഡോസ് 15 വയല്‍ ആണെങ്കിലും ] കൊടുക്കാന്‍ തീരുമാനമായി.പ്രതിവിഷത്ത്തിന്റെ അധിക മാത്ര ഗുരുതരാവസ്ധയിലുള്ള ഒരു രോഗിക്ക് മാരകമായേക്കാം എങ്കിലും ഡോക്റ്റര്‍ക്ക്‌ വേറെ മാര്‍ഗമൊന്നും ഇല്ലായിരുന്നു.

                                                           ഇതിനോടകം നീര് വെച്ച് വീര്‍ത്ത മരിയയുടെ കാലിലെ മര്‍ദ്ദം ഒഴിവാക്കാന്‍ അവര്‍ fasciotomy ശസ്ത്രക്രിയ ചെയ്തു.മകള്‍ക്ക് ചികിത്സ കിട്ടിയല്ലോ എന്ന് രക്ഷിതാക്കള്‍ ആശ്വസിച്ചു തുടങ്ങിയപ്പോഴേക്കും 48 മണിക്കൂര്‍ കൊണ്ട് ആശുപത്രി ബില്ല് 80,000 രൂപയിലധികമായി.ഇത്രയും തുക കണ്ടെത്താന്‍ വാട്ടര്‍ ടാങ്കെര്‍ ഡ്രൈവറായ സാഗൈ രാജിന് കഴിഞ്ഞില്ല.അതുകൊണ്ട് ഡോക്റ്റര്‍മാരുടെ വിലക്ക് വക വെക്കാതെ സാഗൈ രാജും ആനിയും സിസ്റ്റര്‍ മേരി തോമസും സുഹൃത്തുക്കളും ചേര്‍ന്ന് മരിയയെ ഒരു പ്രൈവറ്റ് ചാരിറ്റബിള്‍ ആശുപത്രിയിലേക്ക് മാറ്റി.ചെലവു കുറഞ്ഞതോ ചെലവില്ലാത്തതോ ആയ ചികിത്സാ സംവിധാനങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികളൊന്നും അടുത്തെങ്ങും ഉണ്ടായിരുന്നില്ല.

                                                           അപ്പോഴേക്കും മരിയയുടെ മറ്റു ആന്തരിക അവയവങ്ങളും പ്രവര്‍ത്തന രഹിതമായിത്തുടങ്ങിയിരുന്നു.അവളെപ്പോലൊരു ചെറിയ പെണ്‍കുട്ടിക്ക് സ്വന്തം മരണം മുന്‍കൂട്ടി കണ്ടു തുടങ്ങാന്‍ ഒരു പക്ഷെ സാധിക്കുന്ന ഒരു ഘട്ടം.അടിക്കടി ദുരന്തങ്ങളിലേക്ക്‌ എടുത്ത്തെരിയപ്പെടുന്നത്പോലെ ബാന്ഗലൂരിന്റെ ജോലിത്തിരക്കുള്ള ഒരു ദിവസത്തെ കനത്ത ട്രാഫിക്കിനിടയിലൂടെ അരിച്ചരിച്ചു നീങ്ങി അവര്‍ അഗതികളെ ചികിത്സിക്കുന്നതില്‍ പേരുകേട്ട സെന്‍റ് മാര്‍ത്താ ആശുപത്രിയില്‍ എത്തി.ഒരു അവസാന ശ്രമം എന്ന നിലയില്‍ സെന്‍റ് മാര്‍ത്താ ആശുപത്രിക്കാര്‍ മരിയക്ക് 11 vayal പ്രതിവിഷം അടിയന്തിരമായി കുത്തി വെച്ചു.പക്ഷെ അത് വൈകിപ്പോയ ചികിത്സ ആയിരുന്നു.

                                                          മരിയ ബനടിക്റ്റ് അവസാനമായി അവളുടെ അമ്മയോട് പറഞ്ഞത് അവളുടെ സഹോദരങ്ങളെ ഒരുനോക്കു കാണണം എന്നായിരുന്നു.പക്ഷെ നീ അസുഖമെല്ലാം മാറി വീട്ടില്‍ വന്നിട്ട് നിനക്ക് അവരെ കാണാമല്ലോ എന്നായിരുന്നു അവളുടെ ആനിഅമ്മ അവളോട്‌  മറുപടി പറഞ്ഞത്.

                                                           അത് സംഭവിച്ചില്ല.കുട്ടികള്‍ക്കും ഡയാലിസിസ് ചെയ്യാന്‍ സംവിധാനങ്ങളുള്ള, സെന്‍റ് ജോണ്‍സ് ആശുപത്രിക്കാരെപ്പോലെ മുഖം തിരിക്കാത്ത, സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേതുപോലെ പാമ്പുകടിക്ക് ടെറ്റനസ് ഇന്‍ജെക്ഷന്‍ മാത്രം നല്‍കി തൃപ്തി അടയാത്ത, സെന്‍റ് മാര്‍ത്താ ആശുപത്രിയില്‍ കൂടപ്പിറപ്പുകളെ അവസാനമായി ഒരു നോക്ക് കാണണം എന്നുള്ള മോഹം ബാക്കിയാക്കി മരിയ മരിച്ചു.

മരിയ ബനടിക്റ്റ് 
                                  [ പാമ്പുകളെ കുറിച്ചുള്ള വിവരണത്തിനിടയില്‍ ഒരു പത്ര വാര്‍ത്ത കടന്നു വന്നതില്‍ ക്ഷമ ചോദിക്കുന്നു.വാര്‍ത്ത വായിച്ചപ്പോള്‍ അതിനു പ്രസക്തിയുണ്ടെന്ന് തോന്നി.സങ്കടവും തോന്നി.ഇന്നാണ് വായിച്ചത്.ഇന്ന് തന്നെ മൊഴിമാറ്റം ചെയ്തു ബ്ലോഗില്‍ ചേര്‍ത്തുപോയി]

3 comments:

  1. ഉണ്ണി ..ഈ എഴുത്ത് ഹൃദയസ്പര്‍ശിയായി

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Please post your opinions